ന്യൂഡൽഹി: ഡൽഹിയിലെ ഒരു വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ 50 കോടിയോളം വിലമതിക്കുന്ന സ്വത്തുക്കൾ പിടിച്ചെടുത്തു.
നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായി ഒളിവിൽ കഴിയുന്ന ഹരിയാന സ്വദേശി ഇന്ദർജിത് സിംഗ് യാദവുമായി ബന്ധപ്പെട്ട കേസിൽ സൗത്ത് ഡൽഹിയിലെ സർവപ്രിയ വിഹാറിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 5.12 കോടി രൂപ പണമായും 8.80 കോടി വിലമതിക്കുന്ന ആഭരണങ്ങളും 35 കോടി രൂപ ആസ്തി കണക്കാക്കുന്ന വസ്തുക്കളുടെ രേഖകളും പിടിച്ചെടുത്തത്. പരിശോധനയ്ക്കു വിധേയമായ വീടുമായി യാദവിന്റെ കൂട്ടാളിക്ക് ബന്ധമുണ്ട്.
നിയമവിരുദ്ധമായി പണം തട്ടിയെടുക്കൽ, സ്വകാര്യ ധനകാര്യസ്ഥാപങ്ങളുടെ വായ്പ ഒത്തുതീർപ്പ്, അനധികൃതമായി കമ്മീഷൻ സന്പാദിക്കൽ തുടങ്ങിയ പ്രവൃത്തികളിലൂടെ നേടിയ കള്ളപ്പണം വെളുപ്പിച്ചുവെന്നതാണ് യാദവിനെതിരേയുള്ള കുറ്റം.
ഇയാൾക്കും കൂട്ടാളികൾക്കുമെതിരേ ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായി 14 എഫ്ഐആറുകളും കുറ്റപത്രങ്ങളുമുണ്ടെന്നും ഇഡി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഡിസംബർ ആദ്യം നടത്തിയ പരിശോധനയിൽ അഞ്ച് ആഡംബര കാറുകളും 17 ലക്ഷം രൂപയും ഇഡി കണ്ടുകെട്ടിയിരുന്നു.